കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ജനറിക് മരുന്നുകൾക്കും ഉയർന്ന വിലയുള്ള ബ്രാൻഡഡ് മരുന്നുകൾക്കും ഒരേ ഗുണനിലവാരമാണെന്ന് കണ്ടെത്തൽ. ‘മിഷൻ ഫോർ എത്തിക്സസ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് കെയർ’ (മെഷ്) ആണ് പഠനം നടത്തി ഇത് തെളിയിച്ചിട്ടുള്ളത്. ഒരു പുതിയ മരുന്നു കണ്ടെത്തുന്ന കമ്പനിക്ക് അനുവദിച്ചുകിട്ടിയ പേറ്റൻ്റ് കാലാവധി കഴിയുന്നതോടെ ആ മരുന്ന് ഏതു കമ്പനിക്കും നിർമിക്കാം. മരുന്നുകളുടെ രാസഘടന പാലിച്ച് കുറഞ്ഞവിലയ്ക്ക് മറ്റു കമ്പനികൾ നിർമിക്കുന്ന മരുന്നുകളെയാണ് ജനറിക് മരുന്നുകൾ എന്നു പറയു ന്നത്. നീതി മെഡിക്കൽ ഷോപ്പ്, ജനൗഷധി പോലുള്ള സർക്കാർസംവിധാനങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് ലഭ്യമാകുന്ന മരുന്നുകൾ അധികവും ജനറിക് ആണ്.ബ്രാൻഡഡ് അല്ലാത്ത മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന ഒരു പൊതു ബോധം ജനത്തിനുണ്ട്. ഈ തെറ്റിദ്ധാരണയുണ്ടാക്കുന്നതിൽ ചില ഡോക്ടർമാർക്കും പങ്കുണ്ട്.
ജനറിക് മരുന്നുകളുടെ അഞ്ചും പത്തും ഇരട്ടി വിലയ്ക്കാണ് പല ബ്രാൻഡഡ് മരുന്നുകളും വിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ‘മെഷ്’ പഠനം നടത്തിയത്.പ്രമേഹം, വേദന, അലർജി, ഹൃദ്രോഗം, രക്തസമ്മർദം, അണു ബാധ, ദഹനപ്രശ്‌നം തുടങ്ങി സാധാരണ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന 22 മരുന്നുകളുടെ 132 സാംപിളാണ് പഠനത്തിന് ഉപയോഗിച്ചത്. ഇന്ന് മാർക്കറ്റിൽ ലഭ്യമായ പ്രധാന ബ്രാൻഡുകളുമായാണ് അസി ത്രോമൈസിൻ, അമോക്‌സിലിൻ, മെറ്റ്ഫോർമിൻ, സിറ്റിറിസിൻ, തൈറോ ക്സിൻ,പാരസിറ്റമോൾ, പാൻറോപ്രസോൾ, ഫോളിക് ആസിഡ് തുടങ്ങിയ ജനറിക് മരുന്നുകളെ താരതമ്യം ചെയ്‌തത്. എൻഎബിഎൽ അംഗീകത ലാബുകളിലായി രുന്നു എല്ലാ പരിശോധനയും. കരൾരോഗ വിദഗ്ദ്ധനായ സിറിയക് ആബി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
