ആലുവ∙ കളിക്കുന്നതിനിടെ ഏഴ് വയസ്സുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ മോതിരം ഡോക്ടർമാർ സുരക്ഷിതമായി പുറത്തെടുത്തു. ആലുവ കുട്ടമശ്ശേരി സ്വദേശിയായ ബാലന്റെ അന്നനാളത്തിൽ കുടുങ്ങിയ മോതിരമാണ് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ എൻഡോസ്കോപ്പി വഴി പുറത്തെടുത്തത്. കുട്ടി മോതിരം വിഴുങ്ങിയ ഉടൻ തന്നെ വീട്ടുകാർ കുട്ടമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറേ പരിശോധനയിൽ മോതിരം അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തി. തുടർന്നാണ് എൻഡോസ്കോപ്പി സൗകര്യമുളള രാജഗിരി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ എൻഡോസ്കോപ്പ് ഉപയോഗിച്ച് മോതിരം സുരക്ഷിതമായി പുറത്തെടുത്തു. ഗ്യാസ്ട്രോ എൻട്രോളജിയിലെ ഡോ. തരുൺ ടോം ഉമ്മൻ, ഡോ. ജോമോൻ എം. ജോർജ്, ഡോ. ജിതിൻ ജോൺ, ഇന്റർവെൻഷണൽ ഹെപ്പറ്റോബിലിയറി റേഡിയോളജി വിഭാഗത്തിലെ ഡോ. എസ്. രാജേഷ്, ഡോ. അഖിൽ ബേബി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആരോഗ്യനില തൃപ്തികരമായതോടെ, കുട്ടിയെ ഡിസ്ചാർജ് ചെയ്തു. കുട്ടികൾ അബദ്ധത്തിൽ വസ്തുക്കൾ വിഴുങ്ങുന്ന സാഹചര്യങ്ങളിൽ അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത് അപകടസാധ്യത കുറയ്ക്കുമെന്ന് ഡോക്ടർമാർ ഓർമിപ്പിച്ചു. അന്നനാളത്തിലോ ശ്വാസനാളത്തിലോ ഇത്തരം വസ്തുക്കൾ കുടുങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അടിയന്തര വൈദ്യസഹായം തേടണമെന്ന് ഡോ. ജോമോൻ എം. ജോർജ് പറഞ്ഞു
